ഈ ബ്ലോഗിലെ വിവരങ്ങള്‍ അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും എനിക്ക് വ്യക്തിപരമായോ ബ്ലോഗിനോ യാതൊരു ബാധ്യതയോ ഉത്തരവാദിത്വമോ ഉണ്ടായിരിക്കുകയില്ല. CERT Question Bank

പൈത്തണ്‍

 

പൈത്തൺ പാഠങ്ങളുടെ പിഡിഎഫ്

 

പൈത്തണ്‍: ആമുഖം

പൈത്തണ്‍ (Python) എന്ന പ്രോഗ്രാമിംഗ് ഭാഷ (Programming Language) ഉപയോഗിച്ച് കംപ്യൂട്ടര്‍ പ്രോഗ്രാമുകള്‍ എഴുതാന്‍ പഠിക്കുന്ന ഒരു പദ്ധതിക്കാണ് ഇവിടെ നമ്മള്‍ തുടക്കമിടുന്നത്. മുഖവുരയായി എന്താണ് കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ്, എന്താണ്/എന്തുകൊണ്ട് പൈത്തണ്‍, ഇതാര്‍ക്കൊക്കെയാണ് പഠിക്കാന്‍ പറ്റുക, ഈ പാഠനപദ്ധതി ഉപയോഗപ്പെടുത്താന്‍ എന്തൊക്കെ സജ്ജീകരണങ്ങളാണ് വേണ്ടത് എന്നിവയെപ്പറ്റിയൊക്കെ ഈ പോസ്റ്റില്‍ പറയാം. കൂടാതെ നമ്മുടെ ആദ്യത്തെ പൈത്തണ്‍ പ്രോഗ്രാം എഴുതി പ്രവര്‍ത്തിപ്പിച്ചുനോക്കുകയും ചെയ്യാം.


കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് എന്ത്/എങ്ങനെ

കംപ്യൂട്ടര്‍ എന്താണെന്ന് നമുക്കെല്ലാം ഇന്നറിയാം -- നമ്മില്‍ ചിലരെങ്കിലും കംപ്യൂട്ടര്‍ നിത്യേനയോ നിത്യേനയെന്നോണമോ ഉപയോഗിക്കുന്നവരാണ്. കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് പക്ഷേ ഇന്നും കുറെയൊക്കെയെങ്കിലും നമുക്കൊരു അപരിചിതവസ്തുവാണ്. ഈ അവസ്ഥ ഇതാ മാറാന്‍ പോകുന്നു!

ലളിതമായി പറഞ്ഞാല്‍ കംപ്യൂട്ടറിന് നിര്‍ദ്ദേശങ്ങള്‍ കൊടുത്ത്, അതിനെക്കൊണ്ട് നമുക്കുവേണ്ട കാര്യങ്ങള്‍ ചെയ്യിക്കാനുള്ള ഉപാധിയാണ് കംപ്യൂട്ടര്‍ പ്രോഗ്രാമിംഗ് . കംപ്യൂട്ടര്‍ വെറും യന്ത്രമായതുകൊണ്ടും, അതിനാല്‍ത്തന്നെ അതിന് നമുക്കുള്ളതുപോലെ ബുദ്ധിയോ ചിന്താശക്തിയോ വിവേചനശേഷിയോ ഒന്നും ഇല്ലാത്തതുകൊണ്ടും, വളരെ കൃത്യമായി കാര്യങ്ങള്‍ പറഞ്ഞുകൊടുത്താലേ അത് എന്തും വേണ്ടരീതിയില്‍ ചെയ്യൂ (ഇതൊക്കെയുണ്ടെങ്കിലും ഒന്നും വേണ്ടരീതിയില്‍ ചെയ്യാത്ത മനുഷ്യരുണ്ടെന്നുള്ളത് വേറേകാര്യം). അതുകൊണ്ടുതന്നെ പ്രോഗ്രാമിംഗില്‍ പ്രധാനമായും വേണ്ടത്, നമുക്കെന്താണ് ചെയ്തുകിട്ടേണ്ടത് എന്നു കൃത്യമായി മനസ്സിലാക്കാനും, മനസ്സിലാക്കിയതിനെ ലളിതമായ ഭാഷയില്‍ കംപ്യൂട്ടറിന് പറഞ്ഞുകൊടുക്കാനും പഠിക്കുക എന്നതാണ്. ഇതത്ര ബുദ്ധിമുട്ടുള്ളതാണെന്നു തോന്നുന്നുണ്ടോ? അടിസ്ഥാന നിലവാരത്തിലുള്ള പ്രോഗ്രാമിംഗ് (നമ്മുടെ സ്കൂള്‍ സിലബസിലെ പ്രോഗ്രാമിംഗ് നിശ്ചയമായും ഇതില്‍പ്പെടും) വലിയ പ്രയാസമൊന്നുമില്ലാത്ത, ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യാനുള്ള ക്ഷമ മാത്രം ആവശ്യമുള്ള ഒന്നാണ്.

എന്താണ് പൈത്തണ്‍?

കംപ്യൂട്ടര്‍ പ്രോഗ്രാമുകള്‍ എഴുതാനുള്ള അനേകായിരം ഭാഷകളില്‍ ഒന്നാണ് പൈത്തണ്‍. ഇത് തുടക്കക്കാര്‍ക്ക് പഠിക്കാന്‍ എളുപ്പമുള്ള ഒരു ഭാഷയാണ്. എന്നാല്‍ കംപ്യൂട്ടര്‍ ഭാഷകളില്‍വച്ച് ഒട്ടും പിന്നിലല്ലതാനും. ഒരുദാഹരണം: ഗൂഗിളിന്റെ ആദ്യത്തെ ക്രൗളര്‍ (ഇന്റര്‍നെറ്റിലൊക്കെ പോയി പുതിയ പേജുകള്‍ വന്നിട്ടുണ്ടോ, പഴയ പേജുകള്‍ക്ക് മാറ്റങ്ങള്‍ വന്നിട്ടുണ്ടോ എന്നൊക്കെ പരതുന്ന സോഫ്ട് വെയര്‍ ) എഴുതിയത് പൈത്തണ്‍ ഉപയോഗിച്ചാണെന്ന് പറയപ്പെടുന്നു.

ഈ പാഠനപദ്ധതി ആര്‍ക്കൊക്കെ ഉപയോഗപ്പെടും?

ഒരുവിധം എല്ലാവര്‍ക്കും. അഞ്ചാംക്ളാസ് മുതല്‍ മുകളിലേക്കുള്ള പ്രായക്കാര്‍ക്ക് ഇതില്‍ മിക്കഭാഗവും മനസ്സിലാക്കാന്‍ സാധിക്കേണ്ടതാണ്. അഞ്ചാംക്ളാസുകാരിയാണെങ്കില്‍ മുതിര്‍ന്ന ഒരാളുടെ സഹായവും നല്ല ഇച്ഛാശക്തിയും വേണ്ടിവന്നേക്കാമെന്നത് വേറേകാര്യം. പ്രത്യേകം എടുത്തുപറയേണ്ട ഒരു കാര്യം, ഇതുപഠിക്കാന്‍ ഗണിതശാസ്ത്ര സംബന്ധിയായ അഭിരുചിയോ താത്പര്യമോ വേണമെന്നില്ല എന്നതാണ്: "ലോജിക്കും" സാമാന്യബുദ്ധിയും മതി; പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള താത്പര്യവും. നമ്മുടെ പഠനം പ്രധാനമായും പ്രശ്നനിര്‍ദ്ധാരണത്തെ (Problem Solving) അവലംബിച്ചായിരിക്കും. ചില "തറ പറ" ബാലപാഠങ്ങള്‍ കഴിഞ്ഞാല്‍, പ്രോഗ്രാമിംഗ് പസിലുകളുടെ ഒരു ഉത്സവമായിരിക്കും അരങ്ങേറുക എന്നര്‍ത്ഥം. പ്രോഗ്രാമുകള്‍ ചെയ്തുപഠിക്കുന്നതിലൂടെ, പൈത്തണ്‍ എന്ന ഭാഷയുടെ വ്യാകരണം പഠിക്കുക എന്നതിലുപരി പ്രോഗ്രാമിംഗ് എന്ന കല നമുക്കു പഠിക്കാം.

ഇതിന് എന്തൊക്കെ സജ്ജീകരണങ്ങളാണു വേണ്ടത്?

നമ്മുടെ സ്കൂളുകളില്‍ ലഭ്യമായ ലിനക്സ് സിസ്റ്റങ്ങളില്‍ പൈത്തണ്‍ പ്രോഗ്രാമിംഗ് ചെയ്തുതുടങ്ങുന്നതിന് വേണ്ടതെല്ലാം സ്വതവേതന്നെ ലഭ്യമാണ്:
  1. പ്രോഗ്രാമുകള്‍ എഴുതാന്‍ വേണ്ടി ഏതെങ്കിലും ഒരു എഡിറ്റര്‍ . ഉദാ: gedit.
  2. പ്രോഗ്രാമുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടി Python എന്ന പേരില്‍ത്തന്നെ അറിയപ്പെടുന്ന സോഫ്ട് വെയര്‍ . ഇത് ടെര്‍മിനല്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാം.
നമ്മുടെ ഏതു പ്രോഗ്രാം എഴുതി പ്രവര്‍ത്തിപ്പിക്കാനും ഇവരണ്ടും മതിയാകും. എന്നാല്‍
പ്രോഗ്രാമിംഗ് കുറച്ചുകൂടി എളുപ്പമാക്കുന്ന, Integrated Development Environment (IDE) എന്നറിയപ്പെടുന്ന സോഫ്ട് വെയറുകള്‍ ലഭ്യമാണ്. ഇവയേപ്പറ്റി വഴിയേ പറയാം.

ഇനി നമുക്ക് നമ്മുടെ ആദ്യത്തെ പൈത്തണ്‍ പ്രോഗ്രാം എഴുതി പ്രവര്‍ത്തിപ്പിച്ചുനോക്കാം.

നമ്മുടെ ആദ്യത്തെ പൈത്തണ്‍ പ്രോഗ്രാം


പ്രോഗ്രാമുകള്‍ക്കു വേണ്ടി ഒരു ഡയറക്ടറി

നമ്മുടെ പ്രോഗ്രാമുകളൊക്കെ സൂക്ഷിച്ചുവെക്കാന്‍ നമുക്കൊരു ഫോള്‍ഡര്‍ (ഡയറക്ടറി) ഉണ്ടാക്കാം. ഒരിക്കലെഴുതിയ പ്രോഗ്രാമുകള്‍ പിന്നീടെപ്പോഴെങ്കിലും എടുത്തുനോക്കാനും മറ്റും ഇത് ഉപകാരപ്പെടും. ഈ ഡയറക്ടറിക്ക് ഇഷ്ടമുള്ള (പിന്നീട് ഓര്‍ക്കാന്‍ എളുപ്പമുള്ള) എന്തു പേരുവേണമെങ്കിലും ഇടാം. MyPrograms എന്നാണ് ഞാനിട്ട പേര്. ഈ ഡയറക്ടറി എവിടെയാണെന്നതും ഓര്‍ത്തുവയ്ക്കുക. Home അഥവാ Desktop എന്നിവിടങ്ങളിലാണെങ്കില്‍ ഓര്‍ക്കാന്‍ എളുപ്പമുണ്ട് : എവിടെവേണമെങ്കിലും ആകാം.

രണ്ടു വഴികള്‍

സ്കൂള്‍ ലിനക്സ് കംപ്യൂട്ടറുകളില്‍ ഈ ഡയറക്ടറി ഉണ്ടാക്കാനുള്ള രണ്ടു വഴികള്‍ ഇനി പറയാം. രണ്ടിനും ഫലം ഒന്നുതന്നെ. ആദ്യത്തെ വഴിയാണ് കൂടുതല്‍ എളുപ്പം. രണ്ടാമത്തേതിനാണ് കൂടുതല്‍ ശക്തിയും മഹത്വവും (more general and powerful എന്നതിന്റെ സ്വതന്ത്ര പരിഭാഷ). വിശന്നിരിക്കുന്ന (നോണ്‍വെജിറ്റേറിയനായ) ഒരാള്‍ക്ക് ഒരു മീന്‍ കൊടുക്കുന്നതും മീന്‍ പിടിക്കാന്‍ പഠിപ്പിച്ചുകൊടുക്കുന്നതും തമ്മിലുള്ള വ്യത്യാസം തന്നെ.

ലിനക്സിലെ ഹോം ഡയറക്ടറി

ലിനക്സില്‍ ഓരോ ആള്‍ക്കും (user) ഒരു Home Directory ഉണ്ട്. സാധാരണ ഈ ഡയറക്ടറിയുടെ പേര് /home/username എന്നായിരിക്കും. ഇവിടെ username എന്നുള്ളത് നാം ലിനക്സിലേക്ക് log in ചെയ്യാന്‍ ഉപയോഗിക്കുന്ന പേരാണ്. എന്റെ കംപ്യൂട്ടറില്‍ എന്റെ username gphilip എന്നായതുകൊണ്ട് എന്റെ Home Directory യുടെ പേര് /home/gphilip എന്നതാണ്.

എളുപ്പവഴി

നമ്മുടെ Home Directory യില്‍ MyPrograms എന്നപേരില്‍ ഒരു ഡയറക്ടറി ഉണ്ടാക്കാനുള്ള എളുപ്പ വഴി:
  1. File Browser-ല്‍ Home Folder തുറക്കുക: Places -> Home Folder .
  2. അവിടെ File -> Create Folder എന്നത് തെരഞ്ഞെടുക്കുക.
  3. "untitled folder" എന്ന പേരില്‍ ഒരു പുതിയ ഡയറക്ടറി ഉണ്ടായി വരും. ഇതില്‍ right-click ചെയ്ത് "Rename..." എന്നത് തെരഞ്ഞെടുക്കുക. ഡയറക്ടറിക്കുള്ള പുതിയ പേരായി MyPrograms എന്നു കൊടുത്ത് Enter അമര്‍ത്തുക.

ടെര്‍മിനല്‍ ഉപയോഗിച്ച്

ഇതേ ഡയറക്ടറി ടെര്‍മിനല്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന വിധം:
  1. ടെര്‍മിനല്‍ തുറക്കുക: Applications -> Accessories -> Terminal.
  2. ടെര്‍മിനലില്‍ ഒരു ഡോളര്‍ ചിഹ്നവും ()ിിി(blinking).ിcursor.-ഉം cursor-ഉം ചേര്‍ന്നതിനെ "command prompt" അഥവാ (ചുരുക്കത്തില്‍) "prompt" എന്നു വിളിക്കുന്നു."ഇവിടെ കമാന്റ് എഴുതിത്തുടങ്ങിക്കോളൂ" എന്നാണ് prompt സൂചിപ്പിക്കുന്നത്. കമാന്റ് എഴുതി Enter അമര്‍ത്തുമ്പോള്‍ ടെര്‍മിനല്‍ കമാന്റിനെ പ്രവര്‍ത്തിപ്പിക്കും. ഇങ്ങനെ ഒരു കമാന്റ് ടെര്‍മിനലില്‍ എഴുതി Enter അമര്‍ത്തുന്നതിന് "കമാന്റ് കൊടുക്കുക" എന്നു പറയുന്നു.
  3. ടെര്‍മിനല്‍ എപ്പോഴും ഏതെങ്കിലും ഒരു ഡയറക്ടറിയിലായിരിക്കും നിലകൊള്ളുന്നത്. ഇതിനെ "current working directory" (ഇപ്പോഴുള്ള ഡയറക്ടറി) എന്നു വിളിക്കുന്നു. ടെര്‍മിനല്‍ തുറക്കുമ്പോള്‍ അതു തുറന്നയാളുടെ (user) ഹോം ഡയറക്ടറിയിലായിരിക്കും ആദ്യം ടെര്‍മിനല്‍ നിലകൊള്ളുന്നത്. ഇപ്പോഴുള്ള ഡയറക്ടറി ഏതെന്നറിയാന്‍ pwd എന്ന കമാന്റ് കൊടുക്കുക (Print Working Directory. Public Works Department അല്ല!). അടുത്ത വരിയില്‍ ഇപ്പോഴുള്ള ഡയറക്ടറിയുടെ പേരും (ഉദാ: /home/gphilip) അതിനടുത്ത വരിയില്‍ അടുത്ത കമാന്റ് സ്വീകരിക്കാന്‍ തയ്യാറായി prompt-ഉം വരുന്നതുകാണാം.
  4. ഇപ്പോഴുള്ള ഡയറക്ടറിക്കുള്ളില്‍ (ടെര്‍മിനല്‍ ആദ്യമായി തുറന്നതായതുകൊണ്ട് ഇത് നമ്മുടെ Home Directory ആണ്) MyPrograms എന്ന പേരില്‍ പുതിയ ഒരു ഡയറക്ടറി ഉണ്ടാക്കാന്‍ നമുക്ക് mkdir എന്ന കമാന്റ് ഉപയോഗിക്കാം (Make Directory). പുതുതായുണ്ടാക്കേണ്ട ഡയറക്ടറിയുടെ പേരും കൂടെ ചേര്‍ത്ത് mkdir MyPrograms എന്നാണ് കമാന്റ് കൊടുക്കേണ്ടത്. കമാന്റ് തെറ്റൊന്നുമില്ലാതെ പ്രവര്‍ത്തിച്ചാല്‍ അടുത്തവരിയില്‍ prompt തയ്യാറായി നില്‍ക്കുന്നതുകാണാം. കമാന്റ് പ്രവര്‍ത്തിപ്പിക്കുന്നതില്‍ തെറ്റെന്തെങ്കിലും സംഭവിച്ചാല്‍ അതിനെപ്പറ്റിയുളള സംക്ഷിപ്തമായ വിവരണത്തിനുശേഷം prompt വീണ്ടും കാണാം. ഇപ്പറഞ്ഞ സംക്ഷിപ്തമായ വിവരണം കാണാന്‍ കൗതുകമുണ്ടെങ്കില്‍‍ (ഉണ്ടെങ്കില്‍ മാത്രം) താഴെപ്പറയുന്നവ ചെയ്തുനോക്കുക:
    • mkdir കമാന്റിന് പുതുതായുണ്ടാക്കേണ്ട ഡയറക്ടറിയുടെ പേരു കൊടുക്കാതെയിരിക്കുക. അതായത്, mkdir എന്നുമാത്രം കമാന്റ് കൊടുക്കുക. "പുതിയ ഡയറക്ടറിയുടെ പേര് എവിടെ?" എന്നര്‍ത്ഥം വരുന്ന ഒരു പരാതി കിട്ടുന്നതുകാണാം.
    • MyPrograms എന്ന ഡയറക്ടറി ഒരു പ്രാവശ്യം ഉണ്ടാക്കിയതിനുശേഷം വീണ്ടും അതേപേരില്‍ അതേ സ്ഥലത്ത് ഒരു ഡയറക്ടറികൂടെ ഉണ്ടാക്കാന്‍ ശ്രമിക്കുക. അതായത്, mkdir MyPrograms എന്ന കമാന്റ് വീണ്ടും കൊടുക്കുക. ടെര്‍മിനല്‍ "സാധ്യമല്ല!" എന്ന് പറയുന്നത് കാണാം.
  5. മേല്‍പ്പറഞ്ഞ കമാന്റുപയോഗിച്ച് പുതുതായുണ്ടാക്കിയ ഡയറക്ടറി ശരിക്കും അവിടെയുണ്ടോ എന്നു കാണാന്‍ ls എന്ന കമാന്റുപയോഗിക്കാം (ലിനക്സിന്റെ പൂര്‍വികരിലൊന്നായ മള്‍ട്ടിക്സ് (1964-2000) എന്ന ഒരു മുന്‍കാല ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലെ "list segments" എന്ന ഇതേ ആവശ്യത്തിനുള്ള കമാന്റിന്റെ ചുരുക്കപ്പേരില്‍ നിന്നാണ് ഈ പേര് വന്നത്.). ls എന്ന കമാന്റ് കൊടുക്കുക. ഹോം ഡയറക്ടറിയിലുള്ള ഫയലുകളുടെയും ഡയറക്ടറികളുടെയും ഒരു ലിസ്റ്റ് ഉത്തരമായി കാണാം; അക്കൂട്ടത്തില്‍ MyPrograms എന്ന പുതിയ ഡയറക്ടറിയെയും.

പ്രോഗ്രാം എഴുതി സേവ് ചെയ്യുക

ഇനി നമുക്ക് നമ്മുടെ ആദ്യത്തെ പൈത്തണ്‍ പ്രോഗ്രാം എഴുതി പുതുതായുണ്ടാക്കിയ MyPrograms ഡയറക്ടറിയില്‍ സേവ് ചെയ്യാം.
  1. gedit തുറക്കുക (Applications -> Accessories -> Text Editor).
  2. പുതിയ ഒരു ഫയലില്‍ താഴെപ്പറയുന്നവ എഴുതുക (കോപ്പി-പേസ്റ്റ് ചെയ്താലും മതി). ഇതാണ് നമ്മുടെ (അതിലളിതമായ) ആദ്യത്തെ പൈത്തണ്‍ പ്രോഗ്രാം :
  3. # The first program that learners write in any language is, by
    # convention, a program that outputs "Hello, World!". So here is
    # our first program in Python.
    
    print "Hello, World!"
    
    # Coming next: A Malayalam version of this program!
    
    ഇതേ പ്രോഗ്രാം കുറച്ചുകൂടെ കാണാനഴകുള്ള രീതിയില്‍ താഴെക്കൊടുക്കുന്നു. ഇവിടെ നിറങ്ങളും ലൈന്‍ നമ്പറുകളും പ്രോഗ്രാം വായിക്കാനുള്ള സൗകര്യത്തിന് ചേര്‍ത്തിട്ടുണ്ട്.
    ?
    1
    2
    3
    4
    5
    6
    7
    # The first program that learners write in any language is, by
    # convention, a program that outputs "Hello, World!". So here is
    # our first program in Python.
    print "Hello, World!"
    # Coming next: A Malayalam version of this program!
  4. ഈ ഫയലിനെ hello.py എന്നപേരില്‍ മുന്‍പുണ്ടാക്കിയ ഡയറക്ടറിയില്‍ സേവ് ചെയ്യുക. ഇതിനായി gedit-ല്‍ File -> Save തെരഞ്ഞെടുത്ത് MyPrograms എന്ന ഡയറക്ടറിയുടെമേല്‍ double-click ചെയ്യുക. Name: എന്ന് കാണുന്ന വരിയില്‍ hello.py എന്നുകൊടുത്ത് Save എന്ന ബട്ടണ്‍ അമര്‍ത്തുക. ഫയലിന്റെ പേരെന്തായാലും കുഴപ്പമില്ല, .py എന്നവസാനിക്കണമെന്നേയുള്ളൂ -- കുത്ത് പ്രത്യേകം ശ്രദ്ധിക്കുക! നമ്മുടെ പ്രോഗ്രാം സേവ് ചെയ്തുകഴിഞ്ഞ gedit കണ്ടാല്‍ ഏകദേശം ഇങ്ങനെയിരിക്കും.

പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കാന്‍


നാമെഴുതി hello.py എന്ന പേരില്‍ സേവ് ചെയ്ത പ്രോഗ്രാം പ്രവര്‍ത്തിപ്പിച്ച് അതിന്റെ ഫലം (output) കാണാന്‍ നമുക്ക് ടെര്‍മിനല്‍ ഉപയോഗിക്കാം. ആദ്യമായി ചെയ്യേണ്ടത് ഈ പ്രോഗ്രാം സൂക്ഷിച്ചിരിക്കുന്ന ഡയറക്ടറിയില്‍ ടെര്‍മിനല്‍ ഉപയോഗിച്ച് എത്തിപ്പറ്റുക എന്നതാണ്. ഇതിന് താഴെപ്പറയുന്നവയില്‍ ഒന്ന് ചെയ്യുക:
  1. എളുപ്പ(?) വഴി
    1. File Browser-ല്‍ Home Folder തുറക്കുക: Places -> Home Folder .
    2. തുറന്നുവരുന്ന ഫയലുകളുടെയും ഡയറക്ടറികളുടെയും ലിസ്റ്റില്‍ MyPrograms എന്ന ഡയറക്ടറിയുടെ പേരുള്ള ചിത്രത്തില്‍ (icon) right-click ചെയ്യുക. തെളിഞ്ഞുവരുന്ന പുതിയ ലിസ്റ്റില്‍ "Open in Terminal" എന്നത് തെരഞ്ഞെടുക്കുക. MyPrograms എന്ന ഡയറക്ടറിയില്‍ കമാന്റുകള്‍ കൊടുക്കാന്‍ സജ്ജമായി ഒരു ടെര്‍മിനല്‍ തുറന്നുവരുന്നതു കാണാം.
  2. ടെര്‍മിനല്‍ ഉപയോഗിച്ച്
    1. മുമ്പു തുറന്ന ടെര്‍മിനലില്‍ ചെല്ലുക (പുതിയ ടെര്‍മിനല്‍ തുറന്നാലും മതി).
    2. ഹോം ഡയറക്ടറിയിലേക്ക് മാറുക. ഇതിനായി cd എന്ന കമാന്റ് കൊടുക്കുക (Change Directory). ടെര്‍മിനല്‍ നിലകൊള്ളുന്ന ഡയറക്ടറി എന്തുതന്നെ ആയാലും cd എന്ന കമാന്റിനു ശേഷം അത് ഹോം ഡയറക്ടറിയിലേക്ക് മാറും.
    3. ഹോം ഡയറക്ടറിക്കുള്ളിലെ MyPrograms ഡയറക്ടറിയിലേക്ക് മാറുക. ഇതിനായി cd എന്ന കമാന്റ് തന്നെ ഉപയോഗിക്കാം. ഹോം ഡയറക്ടറിയല്ലാത്ത ഒരു ഡയറക്ടറിയിലേക്ക് മാറാന്‍വേണ്ടിയായതുകൊണ്ട് കമാന്റിന് ഡയറക്ടറിയുടെ പേരും പറഞ്ഞുകൊടുക്കണം. അതായത്, cd MyPrograms എന്നാണ് കമാന്റ് കൊടുക്കേണ്ടത്. ഈ കമാന്റിനുശേഷം ടെര്‍മിനല്‍ MyPrograms എന്ന ഡയറക്ടറിയിലായിരിക്കും.
    4. (ബോണസ്) നാം എഴുതി സേവ് ചെയ്ത hello.py എന്ന ഫയല്‍ ഈ ഡയറക്ടറിയില്‍ ഉണ്ടെന്ന് കാണാന്‍ ls എന്ന കമാന്റ് കൊടുക്കുക.
ഇപ്പോള്‍ നാം ടെര്‍മിനലില്‍ നമ്മുടെ പ്രോഗ്രാം നിലകൊള്ളുന്ന MyPrograms എന്ന ഡയറക്ടറിയിലാണ്. പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കാന്‍ താഴെപ്പറയുന്ന കമാന്റ് കൊടുക്കുക:

python hello.py 

പ്രോഗ്രാം എഴുതിയതില്‍ തെറ്റൊന്നും വന്നിട്ടില്ലെങ്കില്‍ ഒരു പുതിയ വരിയില്‍

Hello, World!

എന്നു വരുന്നതു കാണാം. ഇതാണ് ഈ ലളിതമായ പ്രോഗ്രാമിന്റെ പ്രവര്‍ത്തനഫലം (output). ഇനി ഇതല്ല മറ്റെന്തെങ്കിലുമാണ് കാണുന്നതെങ്കില്‍ അത് രണ്ടുകാര്യം കൊണ്ടാകാം:
  • സിസ്റ്റത്തില്‍ python ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ല. സ്കൂള്‍ സിസ്റ്റമാണെങ്കില്‍ ഇതാവില്ല കാരണം, മറിച്ച്:
  • പ്രോഗ്രാം എടുത്തെഴുതിയതില്‍ എവിടെയോ പിഴവു പറ്റി. ഇതെവിടെയാണെന്ന് മനസ്സിലാക്കി തിരുത്തുക.

ഈ പ്രോഗ്രാമിന്റെ സമഗ്രമായ വിശദീകരണവും, ഇതിന്റെതന്നെ മലയാളം പതിപ്പും, മറ്റുകാര്യങ്ങളും അടുത്ത പാഠത്തില്‍. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ചെയ്തുനോക്കി, പറഞ്ഞതുപോലെയൊക്കെ സംഭവിച്ചെങ്കില്‍ അതും, അതല്ല പ്രശ്നങ്ങള്‍ ഉണ്ടായെങ്കില്‍ അതും കമന്റായിടുക; കൂടെ മറ്റു സംശയങ്ങളും ചോദ്യങ്ങളും നിര്‍ദ്ദേശങ്ങളും.

തയ്യാറാക്കാന്‍ സഹായിച്ചവര്‍: നിസാര്‍ വി കെ, ഹസൈനാര്‍ മങ്കട, ശ്രീനാഥ് എച്ച്, ഹരികുമാര്‍ കെ ജി, ഹോംസ്.

നമ്മുടെ കംപ്യൂട്ടറില്‍ സൂക്ഷിച്ചുവെക്കാനും മറ്റുള്ളവര്‍ക്ക് പകര്‍ത്തി കൊടുക്കാനും പാകത്തില്‍ ഈ പാഠത്തിന്റെ പി.ഡി.എഫ് പതിപ്പ് ഇവിടെ.

No comments:

Post a Comment